Don't Miss
 

 

ആക്ഷൻ ഹീറോ ബിജു : കാക്കിയണിഞ്ഞ ജീവിതം

നിധിന്‍ ഡേവിസ് | February/6/2016
image

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു മുൻകാല പോലീസ് ചിത്രങ്ങളെപേക്ഷിച്ച് ഒരു യഥാർത്ഥ പോലീസ് ജീവിതത്തെ വെള്ളിത്തിരയിൽ കാണിച്ചുതരുന്നു. എന്നാൽ ഒരു ചിത്രത്തിൻ്റെ പൂർണ്ണതയ്ക്കുതകുന്ന കഥയുടെ അഭാവം ഈ ചിത്രത്തെ ഒരു മികച്ച ചലച്ചിത്രത്തിൻ്റെ നിലവാരത്തിൽ നിന്നും ഒരല്പം താഴ്ത്തുന്നു.

സബ് ഇൻസ്പെക്ടർ ബിജു പൗലോസിൻ്റെ വിവാഹം ഉറപ്പിച്ചതിനുശേഷമുള്ള ഔദ്യോഗികജീവിതമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. പൂർണ്ണമായും ഔദ്യോഗികജീവിതം. ഇതിൽ കവിഞ്ഞ് ചിത്രത്തിൽ മറ്റൊന്നുമില്ല. എന്നാൽ ഈ കാലയളവിൽ ബിജുവിൻ്റെ സ്റ്റേഷൻ പരിധിക്കുള്ളിൽ വരുന്ന വിവിധയിനം കേസുകളെ സത്യസന്ധമായും മികച്ച രീതിയിലും ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അതുതന്നെയാണ് മുൻകാല പോലീസ് ചിത്രങ്ങളെപേക്ഷിച്ച് ഈ ചിത്രത്തിനുള്ള പുതുമയും.

സബ് ഇൻസ്പക്ടർ ബിജുവായി നിവിൻ പോളി തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. എന്നാൽ വളരെ ഗൗരവത്തോടെയും ദേഷ്യത്തോടെയുമുള്ള നെടുനീളൻ ഡയലോഗുകളിൽ പലപ്പോഴും നിവിൻ പതറുന്നതായി തോന്നി. ആ പതർച്ച കൊണ്ടുതന്നെയാകാം ആ സന്ദർഭങ്ങളിൽ പ്രേക്ഷകരെ ഉപദേശിക്കുന്ന ഒരു ഡോക്യൂമെൻ്ററി സ്റ്റൈൽ ചിത്രത്തിന് അനുഭവപ്പെട്ടു. ഒരു മാസ് ഹീറോയാകാൻ തക്ക പാക്വത നിവിൻ ഇനിയും കൈവരിച്ചിട്ടില്ല എന്നു പലപ്പോഴും തോന്നി. എന്നാൽ ബാക്കി സീനുകളിൽ നിവിൻ നല്ല രീതിയിൽ തിളങ്ങിയിട്ടുണ്ട്. ചിത്രത്തിലെ നായികയായ അനു ഇമ്മാനുവേലിന് ഒന്നും ത്തന്നെ ചെയ്യാനില്ല. ഒരു പാട്ടും മൊബൈൽ ഫൊൺ സംഭാഷണങ്ങളും മാത്രമായി ഒതുങ്ങിപോകുന്ന ബെനിറ്റ എന്ന കഥാപാത്രം, സൂപ്പർ ഹീറോ ചിത്രങ്ങളിൽ കാണാറുള്ളപോലെ നായകനുവേണ്ടി പേരിനൊരു നായിക എന്ന പതിവ് തുടരുന്നു.

ചിത്രത്തിൽ എടുത്തു പറയേണ്ട പ്രകsനം കാഴ്ച്ച വെച്ചിട്ടുള്ളത് സഹതാരങ്ങളാണ്. പുതുമുഖങ്ങളും അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ഈ താരങ്ങളുടെ മികച്ച പ്രകടനങ്ങൾ കഥാപാത്രങ്ങൾക്ക് യഥാർത്ഥജീവിതത്തിൽ പലയിടത്തും കണ്ടുമറന്ന പല മുഖങ്ങളുടെയും ഛായ നല്കി. ജീവസുറ്റ ഈ കഥാപാത്രങ്ങളും അവരുൾപ്പെട്ട കഥാസന്ദർഭങ്ങളുമാണ് ചിത്രത്തിൻ്റെ നട്ടെല്ല്. സഹതാരങ്ങൾ ഏവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും, സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം വളരെ മുൻപിട്ടു നില്ക്കുന്നു. ഭാവതീവ്രത നിറഞ്ഞ ആ കഥാപാത്രം ദേശീയ പുരസ്കാരജേതാവായ ആ നടൻ്റെ കൈകളിൽ തീർത്തും ഭദ്രമായിരുന്നു. മറ്റു താരങ്ങളിൽ മുൻപിട്ടു നില്ക്കുന്നത് കള്ളുകുടിയൻ്റെ കഥാപാത്രം അവതരിപ്പിച്ച വ്യക്തിയാണ്. മറ്റു താരങ്ങളെല്ലാം തന്നെ തങ്ങളുടെ വേഷങ്ങൾ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്.

ജെറി അമൽദേവിൻ്റെ സംഗീതം പഴമയുടെ ഓർമ്മ മനസ്സിലുണർത്തുന്നുണ്ടെങ്കിലും കാതിനിമ്പമായി നില്ക്കുന്നു. രാജേഷ് മുരുകേശൻ്റെ പശ്ചാത്തലസംഗീതം മികച്ചതല്ലെങ്കിലും മനം മടുപ്പിക്കുന്നില്ല. അലക്സ് ജെ പുളിക്കലിൻ്റെ ഛായാഗ്രാഹണം നന്നായിട്ടുണ്ട്.

എബ്രിഡ് ഷൈനും, മുഹമ്മദ് ഷഫീക്കും ചേർന്നെഴുതിയ തിരക്കഥ വളരെ മികച്ചു നില്ക്കുന്നു. നായകനെ ബന്ധപ്പെടുത്തി കാമ്പുള്ള നേർത്ത ഒരു കഥക്കൂടി ഉണ്ടായിരുന്നെങ്കിൽ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രത്തിനും സ്ഥാനം പിടിക്കാമായിരുന്നു. പ്രധാനമായി ഒരു കഥയില്ലയെന്നത് ഒരു പുതുമ തന്നെയാണ്. അങ്ങനെ ഒരു കഥയുടെ പിൻബലമില്ലാതെ പ്രേക്ഷകരെ ചിത്രത്തിലുടനീളം പിടിച്ചു നിർത്തുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. അതിൽ ഈ തിരകഥാകൃത്തുക്കൾ പൂർണ്ണമായും വിജയിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഈ തിരക്കഥ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എബ്രിഡ് ഷൈൻ എന്ന സംവിധായകനും സാധിച്ചിരിക്കുന്നു. മലയാള സിനിമയിൽ ഇന്നുവരെ കാണാത്ത യഥാർത്ഥ പോലീസുകാരും പോലീസ് സ്റ്റേഷനും ചിത്രീകരിക്കുന്നതിൽ അദേഹം വിജയിച്ചിട്ടുണ്ട്. എന്നാൽ ഈ ഉദ്ദേശം മാത്രമായി പോയതിൽ ഒരല്പം വിയോജിപ്പുണ്ട്.

അടിസ്ഥാനമായ കഥയില്ലാതെ യഥാർത്ഥ പോലീസ് ജീവിതം മാത്രം കാണിക്കുന്നതായിരുന്നു ലക്ഷ്യമെങ്കിൽ കുറച്ചുകൂടി സാഹചര്യങ്ങൾ വിശദീകരിക്കേണ്ടതായിരുന്നു എന്നു തോന്നി. കൈക്കൂലിയും രാഷ്ട്രീയ ഇടപ്പെടലുകളും ധാരാളമായുള്ള പോലീസ്ജീവിതത്തിൻ്റെ നേർക്കാഴ്ച്ച നായകനിൽക്കൂടിയല്ലെങ്കിലും കാണിക്കാമായിരുന്നു. രാഷ്ട്രീയക്കാർ പോലീസ് സ്റ്റേഷനിൽ കയറി പോലീസുക്കാരെ ചീത്തപറഞ്ഞ് തൻ്റെ ആളുകളെ ഇറക്കികൊണ്ടുവരുകയും ആ ദൃശ്യങ്ങൾ വാർത്താമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടു കൂടി ആ പോലിസുദ്യോഗസ്ഥന് സ്ഥലമാറ്റംവരെയുണ്ടായിട്ടുള്ള നമ്മുടെ നാട്ടിൽ പോലീസ് ജീവിതത്തിൽ രാഷ്ട്രീയക്കാർക്കുള്ള ഇടപ്പെടൽ ചില്ലറയല്ല. മേലുദ്യോഗസ്ഥന്മാരും കീഴുദ്യോഗസ്ഥന്മാരുമായുള്ള ബന്ധത്തിൻ്റെ വിവിധ വശങ്ങളും കാണിക്കാമായിരുന്നു. മേലുദ്യോഗസ്ഥമാരുടെ ഉത്തരവാദിത്വവും കുറച്ചുകൂടി വിശദ്ധീകരിച്ചെങ്കിൽ എന്ന് തോന്നി.

ഇങ്ങനെയൊക്കെയാണെങ്കിലും വിവിധയിനം കേസുകൾ വളരെ പുതുമയുള്ളതായി ആയി അനുഭവപ്പെട്ടു. പോലീസുക്കാർ ചെന്നെത്തിപ്പെടെണ്ട വിവിധയിനം സാഹചര്യങ്ങളും ചിത്രം കാണിച്ചുതരുന്നു. തീർച്ചയായും കേരള പോലീസ് സേനയ്ക്കുള്ള ഒരാദരവാണ് ഈ ചിത്രം. അടിസ്ഥാന കഥയില്ലെങ്കിൽക്കൂടി വിവിധയിനം കേസുകൾ കൊണ്ട് സമ്പന്നമായ ഈ ചിത്രം കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ്. കഥയുടെ പുർണ്ണത ആവശ്യപ്പെടുന്നവർക്ക് വിരസമായി തോന്നിയാലും അല്ലാത്തവർക്ക് ആസ്വാദിക്കാവുന്ന വിരുന്നാകുന്നുണ്ട് ഈ ചിത്രം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.